Sunday 29 April 2012

നിന്‍ വിരല്‍ സ്പര്‍ശം



 മഴയത്തും വെയിലത്തും
ചിരിതൂകി നില്‍ക്കുന്ന  പോന്നാംബലെ  
നിന്‍ മാറില്‍ പിടയുന്ന നോവിന്റെ  
ചിറകിനടിയിലായ് തൂവുന്ന  
വെഞ്ചാമരം വീശുന്ന നിന്‍ മൌനം
വെറുതെ തിരയുന്നു ഞാന്‍!

എവിടെയന്നറിയാതെ  
ഞാനേകനായ്  പറന്നു തളരുമ്പോള്‍ 
 എന്‍ മിഴികളില്‍ 
 സാന്ത്വനം പകരുന്ന  നിന്‍ രൂപം 
 ഇന്നെനിക്കകലെയോ!
 എന്തിനായ് മറഞ്ഞു പോയ്‌ 
വെയില്‍ നാളമേ , നിന്‍ 
കാന്തി അറിയാതെ പോയൊരു
 മഴയായ്  തീരുമെന്‍  ജീവനില്‍  
നിന്‍ വിരല്‍ സ്പര്‍ശം
പുണരുമ്പോള്‍ അറിഞ്ഞില്ല  
കാറ്റിന്റെ  സ്നേഹത്തിന്‍  സൌധം !

ആകാശ പുഞ്ചിരി  പൂക്കുന്ന സമയം ...!
ആര്‍ദ്രമീ ഹൃത്തടം  വിരിഞ്ഞതില്‍ പിന്നെ 
എന്‍ വിചാര ഭൂമിയില്‍  എന്നും പൊഴിയുന്ന തേന്‍ മഴപൂക്കള്‍ 
പോഴിഞ്ഞുപോയ് ഇപ്പോള്‍  നീയറിയാതെ 
കടലില്‍ സായാഹ്നം  എറിഞ്ഞു തീരവേ 
എന്‍ മിഴികളും അടഞ്ഞിടുന്നു കരയരിയാതെ !
 

Wednesday 11 April 2012

പ്രണയമേ നീ നൈമിഷികമായിരുന്നു




ചത്തുമലച്ചൊരു  ശരീരമാം 
എന്‍  പ്രണയമേ 
നിന്നുടലില്‍  ഇനിയെന്തിനു 
കരുണതന്‍ മഴനീര്‍ തുള്ളികള്‍!

മറക്കാതെ  മടിയില്‍  താലോലിക്കുമ്പോള്‍ 
എന്നകകാമ്പില്‍ നിര്‍ജീവമായി 
കിടന്നില്ലേ ; എന്നിട്ടിപ്പോള്‍ 
തേങ്ങുന്നുവോ?
വെയിലില്‍ വാടിയ  നിന്‍ 
കാന്തി  മഴയത്ത്  
പുഷ്പിച്ചാല്‍  അത്  നശ്വരമോ?

മാറില്‍ മലര്‍ന്നു കിടക്കുമ്പോള്‍,
മഴയുടെ ചിരിയില്‍  
നനഞ്ഞു കുളിക്കുമ്പോള്‍ 
നിന്‍ വാക്കുകള്‍ മൊഴിഞ്ഞൊരു 
സാന്ത്വനം  നൈമിഷികമായിരുന്നു!

അതറിയാതെ  എന്നിലെ
മാനസവീണപാടിയ 
ഗീതികള്‍ പിന്നീടു  ശോകമൂകമായി;
വിരഹമായി !

ഒന്നുമറിയാതെ ,ദേവദാരുവില്‍
 ഞാന്‍ പുഷ്പമാകുമ്പോള്‍ 
നീ മറയുകയായിരുന്നു !
മായാതെ  നിനക്ക്  
മൌനമാവാന്‍ കഴിഞ്ഞെങ്കില്‍ 
എനിക്കത്  കുളിരാകുമായിരുന്നു ..
പക്ഷെ  അത്  വേനലായി ;കൊടുംവേനല്‍ !!!
            

Monday 5 March 2012

വിരാജിക്കുന്ന കവിയിലെ കവിത













ഒന്നുമില്ലെങ്കിലും  എന്തോ ഒന്നിനായ്
വെറുതെ നടക്കുന്നു നീ,
വിഷപറമ്പുകളില്‍;
വിധിയുടെ പിന്നാലെ  വിഡ്ഢിയായി! 
വിരാജിക്കുമീ അകതാരിലെ                              
അര്‍ത്ഥമില്ലാത്ത നോവുകള്‍ക്ക്‌
പിന്നാലെയും...
എവിടെ നിന്റെ മോഹം അവസാനിക്കും ?
മോഹമേ  നിന്റെ ചാരെ  ഞാനെത്തിയോ !

മഴയുടെ മര്‍മ്മരമാം നിന്‍ നോവിന്റെ
 ചിലമ്പല്‍ ,ബിന്ദുക്കള്‍
പുണരാന്‍ മടിച്ചൊരു  സന്ധ്യയേതോ
 കാര്മുഘിലിന്‍   പിന്നില്‍
വിടരുമ്പോള്‍ വിരിഞ്ഞത്  നിലാവോ ?!
വായില്‍ വന്നു പൊടിഞ്ഞു പോയ
 വാക്കുകളെല്ലാം ...,
തിരിച്ചുടുക്കനാവാതെ; വെയിലില്‍
നിന്ന് വാടുമീ നിന്റെ ചിരി
എപ്പൊഴും എനിക്കകലെ!

എന്തിനായിരുന്നു  നിന്റെ വരവ് ?!
മരണഭീതിയുയര്‍ത്തി നീ
മറഞ്ഞപ്പോള്‍  നിലച്ചതെന്‍  വിശ്വാസം.
എന്തു ചെയാം ? മനുഷ്യനായി പോയില്ലേ ; ജീവിതമല്ലേ !
പിന്നെയും  എന്തൊക്കെയോ?!

Wednesday 18 January 2012

കരിനിഴല്‍ പ്രണയം

വിഷകുപ്പിയുമായി എന്നെ 
അലയാന്‍ വിട്ട  നിന്നെയെനിക്കിന്നും 
മറക്കാന്‍ കഴിയാതെ  
മഞ്ഞിലും മഴയിലും  മണ്ണിലും 
ഞാന്‍ പിടയുമ്പോള്‍ , ജീവിതത്തിന്റെ            
പകുതിയും  തച്ചുടക്കപെടുമ്പോള്‍ 
പിന്നില്‍ നിന്നും ഞാന്‍ കേള്‍ക്കുന്ന
എന്റെ കുടുംബത്തിന്റെ കരച്ചില്‍ , കദനം!

നീയിതൊന്നുമറിയാതെ,
നിന്റെ ജീവിതം പൂവണിയുമ്പോള്‍ 
ഈ പാഴിലയെ നീ എന്നെങ്കിലും  ഓര്‍ക്കുക!
വിജനമായ  വഴികളില്‍ ,ഇരുളടഞ്ഞ
ജീവിത വീഥിയില്‍  വഴിതെറ്റി ,ദിശയറിയാതെ 
ഞാനിന്നും അലഞ്ഞിടവേ, വന്നുപെയ്ത 
മഴയുടെ  സൌന്ദര്യം പോലും  
ഞാന്‍ അറിയാതെ പോയി.....

പരിഭവമില്ല ,പതിയെ ഞാന്‍  നിന്നെ മറക്കും!
പക്ഷെ അപ്പോഴേക്കും ഞാന്‍ മരിക്കും!
എന്റെ മരണം കാണാന്‍ വരുന്ന  
നിന്റെ മുഖം ഞാന്‍ ഒന്നോര്‍ത്തോട്ടെ!
ആ കണ്ണീരില്‍ ഞാന്‍  പിന്നെയും ജനിച്ചു കൊള്ളട്ടെ!
 എന്റെ പ്രണയം അതൊരു  വേനല്‍ മഴയോ?

Monday 9 January 2012

നീതുവിന്റെ കണ്ണട ...



കുട്ടിക്കാലത്ത് കണ്ണട വെച്ച അച്ഛന്റെ  മുഖം ഗൌരവമുള്ള വ്യക്തിത്വത്തിന്റെ പ്രതീകമാണ് എന്ന തോന്നല്‍ കണ്ണടയോടുള്ള  ഇഷ്ട്ടം  വര്‍ദ്ധിക്കാന്‍ കാരണമായി   ഒരെണ്ണം സ്വന്തമാക്കാന്‍അതിയായ  ആഗ്രഹം.  ഇലക്കറികള്‍ കഴിച്ചില്ലെങ്കില്‍ കണ്ണിന്റെ കാഴ്ച കുറയും, പിന്നെ കണ്ണട വെച്ചു നടക്കേണ്ടി വരും എന്ന ചന്ദ്രന്‍  മാഷിന്റെ വാക്കുകളെ ഭയന്നിരുന്നില്ല.കണ്ണ്  മങ്ങിയാലും കണ്ണട വയ്ക്കാമല്ലോ!       മുതിര്‍ന്നവരില്‍  കണ്ണട ഒരു വാര്ദ്ധക്ക്യ ലക്ഷണമായി കാണപെടുന്നു   മിക്കവരും വാര്ദ്ധക്ക്യത്തില്‍  കണ്ണിനു  മുകളില്‍ചില്ലുകൊണ്ട് പൊതിയുന്നു. പല സിനിമകളിലും   പ്രായമായ അവസ്ഥ കാണിക്കാന്‍ യൌവന മുഖരിതമായ  മുഖത്ത് വലിയൊരു കണ്ണട വെച്ച് കൊടുക്കും.  ദുരന്തം കീഴ്പെടുത്തിയവരുടെ മുഖത്തും  ഉണ്ടാവും നിരാശയുടെ പ്രതീകം പോലെ  ഒരു കണ്ണട.
        ചിലകുട്ടികളെ കാണുമ്പോള്‍ മുതല്‍  അവര്‍ക്ക് കണ്ണടയുണ്ട് . കണ്ണട ഇല്ലാതെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഒരു മുഖമാണ് എന്റെ സുഹൃത്ത്‌ അശ്വിന്റെത്‌. അതുപോലെ നിരവധിപേര്‍ . കണ്ണുകളെ ഒളിപ്പിക്കുന്ന കണ്ണടകള്‍ നമ്മെ കുഴപ്പത്തിലാക്കും. എതിരില്‍ അപരിചിതന്‍ ആണെങ്കില്‍ നോട്ടം എവിടേയ്ക്കാണ് എന്നറിയാത്തതിനാല്‍ മിക്ക സ്ത്രീകളും വസ്ത്രം സ്ഥാനം മാറിയിട്ടില്ലെന്ന് ഉറപ്പുവരുത്തിപ്പോവും.
അവരുടെ  ആ അവസ്ഥ ഓര്‍ക്കുമ്പോള്‍ ചിരിയും സങ്കടവും വരും...
       ചിലര്‍ക്ക് കണ്ണടകള്‍ അലങ്കാര വസ്തുവാണ്. കഷണ്ടി മറയ്ക്കുന്ന, അല്ലെങ്കില്‍ മനോഹരമായ കേശാലങ്കാരത്തിനു മാറ്റുകൂട്ടാന്‍ നെറ്റിക്ക്മുകളില്‍  വിശ്രമിക്കുന്ന സണ്‍ ഗ്ലാസ്സുകള്‍ ....
      എന്നെ നൊമ്പരപെടുത്തിയ  എന്റെ ജീവിതത്തിലെ ഒരുമുറിവുണങ്ങാത്ത സംഭവത്തിലേക്ക് എന്റെ ഓര്‍മ്മയുടെ  കണ്ണടയിലുടെ വെറുതെ ഒന്ന് നോക്കട്ടെ..
         ആദ്യം ഓര്‍മ്മവരുന്നത് ,എപ്പൊഴും മറക്കാത്തത്   എന്റെ ഒമ്പതാമത്തെ പിറന്നാളാണ് .വീട്ടില്‍  അതുവരെ ആഘോഷിക്കാത്ത എന്റെ പിറന്നാള്‍ കുടുംബം ആഘോഷിക്കാന്‍  തന്നെ തീരുമാനിച്ചു. കുഞ്ഞുന്നാളില്‍ തുടങ്ങിയ  അസുഖത്തിന്റെ പേരില്‍ ആശുപത്രിയില്‍ വീണു പോയ  എനിക്ക്  പുതു ജന്മം  കിട്ടിയത്   ഒമ്പതാം വയസ്സില്‍ .പിറന്നാള്‍ ദിനത്തില്‍  എനിക്ക് കിട്ടിയ സമ്മാനങ്ങളില്‍  എനിക്ക് ഏറ്റവും ഇഷ്ട്ടമായത്  നീതുവിന്റെതായിരുന്നു ...ഒരുപാടു കളിക്കോപ്പുകള്‍ ,മോഡേണ്‍ വസ്ത്രങ്ങള്‍  എല്ലാം എനിക്ക് കിട്ടി. പക്ഷേ നീതു തന്നത്  ഒരു കണ്ണടയായിരുന്നു, എന്റെ ഇഷ്ട്ടം തിരിച്ചറിഞ്ഞപോലെ.

 നീതു എന്റെ അമ്മാവന്റെ മകളും കളികൂട്ടുകാരിയുമായിരുന്നു.എന്റെ അസുഖത്തിന്റെ  നീറ്റലില്‍ വേദനയില്‍ നീറുമ്പോള്‍ ഒരു കുഞ്ഞ്‌ മാലാഖയെ പോലെ  എന്നെ  സാന്ത്വനപെടുത്തിയവള്‍, എനിക്കൊപ്പം  ചേര്‍ന്ന്  കളിക്കുന്നതിന് അവളുടെ അമ്മ  അവളെ  വഴക്ക് പറയുമ്പോഴും  അതൊന്നും കൂട്ടാക്കാതെ  തന്റെ  സൌഹൃദം കൊതിച്ചവള്‍... 

നീലാകാശത്തിനു  കീഴില്‍ വിരിഞ്ഞു നില്‍ക്കുന്ന  ഈ ഹരിത ഭൂമിയുടെ  മാറിലൂടെ  ഞങ്ങള്‍ ഒരുമിച്ചു  നടന്നു ...കുയിലിന്റെ പാട്ടുകേട്ട് , തവളയുടെ കരച്ചില്‍ കേട്ട്..കാറ്റിന്റെ  സംഗീതം  ആസ്വദിച്ച്‌, പച്ച പരവതാനി വിരിച്ച വയലിന്റെ  ദ്രിശ്യ ഭംഗിയില്‍  മതിമറന്നു നടന്നു ,കളിച്ച , ചിരിച്ച  നിമിഷങ്ങളില്‍  ഞാന്‍ എന്റെ അസുഖത്തിന്റെ  നീറ്റല്‍ മറന്നു . എന്റെ കയില്‍ പിടിച്ച്‌ നടക്കുന്ന  അരപാവടയും ജാക്കറ്റും ധരിച്ച  എഴുവയസ്സുകാരി  നീതുവിന്റെ  ഭംഗിയുള്ള ചിത്രം  ഇന്നും മനസ്സില്‍  മായാതെ തെളിയുന്നു!

അച്ഛന്‍റെ കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണടയില്‍ നോക്കി കൊതിച്ചു നിന്ന എനിക്ക് നീതു തന്ന കണ്ണട ഒരു നിധി തന്നെയായിരുന്നു . പിറന്നാള്‍  പ്രമാണിച്ച്  പൂമുഖത്ത് ചുവരിലൊക്കെ പൂമാലകള്‍     തൂക്കിയിരുന്നു  അതിന്‌ നടുവിലേക്ക് വന്ന് തനിക്കു  നീതു സമ്മാനം തരുമ്പോള്‍ അത് കണ്ണടയായിരിക്കുമെന്ന്  ഒരിക്കലും  കരുതിയിരുന്നില്ല .അവളോട്‌  തനിക്കു  കണ്ണടയോടുള്ള  അമിത ഇഷ്ട്ടത്തെ  കുറിച്ച് പറഞ്ഞിരിന്നുമില്ല  പിന്നെയെങ്ങനെ  അവള്‍ മാത്രം  എനിക്ക് കണ്ണട തന്നു ?! 

ആ കണ്ണട ഇപ്പോഴും മുറിയിലെ അലമാരയില്‍ഭദ്രമായിരിപ്പുണ്ട്. ഓരോ തവണ  അത് കയ്യില്‍  എടുക്കുമ്പോഴും അവളെ ഓര്‍മ്മവരും ...അവളെ കുറിച്ചുള്ള  ഓര്‍മ്മകള്‍  എപ്പൊഴും  വേദനയെ നല്‍കാറുള്ളൂ. കയ്യിലെടുക്കുമെങ്കിലും അത് ധരിച്ചു  ഈ ലോകത്തെ കാണാന്‍  തോന്നിയില്ല.
അവളുടെ ഒപ്പം  നടക്കുമ്പോള്‍ ...,എന്റെ കുഞ്ഞ്‌ മോഹങ്ങള്‍ക്കെല്ലാം  കൂട്ടുനില്‍ക്കുമ്പോള്‍  അവളുടെ ആ കനിവുള്ള മനസ്സും അവളുടെ  കാഴ്ചപാടുകളും  അറിഞ്ഞു .
സ്നേഹത്തിന്റെ ,കരുണയുടെ  സന്തോഷത്തിന്റെ  അതിരായിരുന്നു  അവള്‍! അങ്ങനെയുള്ളവരെ  ഈശ്വരന്‍ കൂടുതല്‍  പരീക്ഷിക്കും  അല്ലേ? അതല്ലേ  അവള്‍ കുഞ്ഞ്‌ വയസില്‍ തന്നെ  അവളെ ഈശ്വരന്‍  വിളിച്ചത് !


          അമ്മയുടെയും അച്ഛന്റെയും  ഒരേ ഒരു മകള്‍ ,ആദ്യം പിറന്ന മകള്‍ മരിച്ചു പിന്നീട് അവര്‍ക്ക് കിട്ടിയ  പുന്നാര മുത്ത്‌  ആതായിരുന്നു  അവര്‍ക്ക് നീതു .സ്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ,നന്നായി പാടുന്ന  അവള്‍  എന്തിനിത്ര വേഗം ഈ ഭൂമിയില്‍ നിന്നും  മറഞ്ഞു?   

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍  ശ്യാമള ടീച്ചറുടെ കയ്യില്‍  നിന്നും ഹീറോ പേന  സമ്മാനമായി വാങ്ങി വന്ന്  തന്റെ നേരെ  നീട്ടി  ഇത്  അച്ചു എടുത്തോ എന്നുപറഞ്ഞു എനിക്ക് തരുമ്പോള്‍  അവള്‍ക്ക്  എന്നോടുള്ള ഇഷ്ട്ടത്തിന്റെ  വലിപ്പം  ഞാന്‍ തിരിച്ചറിഞ്ഞു. അവള്‍  ഒരു പാവമായിരുന്നു !

എന്റെ അച്ഛനെ  അവള്‍ക്ക് ഭയങ്കര പേടിയായിരുന്നു.അവള്‍ ഭയത്തോടെ മാത്രമേ നോക്കിയിട്ടുള്ളൂ.. അച്ഛന്‍ ഞങ്ങളെ പേടിപ്പിക്കാന്‍ കൊണ്ടുവരുന്ന  ചൂരല്‍ കാണുമ്പോഴേക്കും  അവളുടെ  മുട്ട് വിറച്ചു തുടങ്ങും.പക്ഷേ അച്ഛന്‍ ഒരിക്കലും  എന്നെയോ അവളെയോ അടിച്ചിരുന്നില്ല ഒന്നുനോക്കിയാല്‍  അവളെ പോലെ തന്നെ  അച്ഛനും ഒരു പാവമായിരുന്നു!  


         നാട്ടിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം ഭയമായിരുന്ന സുന്ദരെശ്വരന്‍മാസ്റ്ററുടെ  സ്വതവേ തീക്ഷ്ണമായ മിഴികളും  നരച്ച കണ്പീലികളും ഉള്ള ആ നല്ല മനുഷ്യന്റെ   വാത്സല്ല്യം  നുകരാനുള്ള ഭാഗ്യം  നീതുവിനുണ്ടയിട്ടുണ്ട്  അത് മനസിലായത്  ഞാന്‍ എന്നും ഓര്‍ക്കാന്‍ ഇഷ്ട്ട പെടാത്ത ഒരു ചൊവാഴ്ചയായിരുന്നു.

കാലത്ത്  സ്കൂളിലേക്ക് പോയ നീതു  ഉച്ചയാവുമ്പോള്‍ മടങ്ങി വന്നത്  ജീവനില്ലാതെയായിരുന്നു .ഇന്റര്‍ ബെല്ലുകഴിഞ്ഞു  മൂന്നാം പിരീഡ് തുടങ്ങി  സത്യഭാമ ടീച്ചര്‍  ക്ലാസ്  എടുത്തു കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുവായിരുന്നുവേത്രേ ! ഉടന്‍ ആശുപത്രിയില്‍  എത്തിച്ചെങ്കിലും അപ്പോഴേക്കും  അവള്‍  ഈ ഭൂമിയോടെ വിടപറഞ്ഞിരുന്നു .ദൈവം ചിലപ്പോള്‍  ക്രൂരനാവുന്നുവോ?

അവളെ പൂമുഖത്തുകൊണ്ട് കിടത്തി ,പൊട്ടികരഞ്ഞുകൊണ്ട് പോകുന്ന സുന്ദരേശ്വരന്‍മാഷിന്റെ  ആ തുടുത്ത മുഖം  ഇന്നും  മറയുന്നില്ല. കുട്ടികളെ  എപ്പൊഴും  പേടിപ്പിക്കുന്ന , അല്ലെങ്കില്‍ അവര്‍ സ്വയം പേടിക്കുന്ന സുന്ദരേശ്വരന്‍മാഷിന്റെ മനസ്സ്  ഇത്രക്കെയുള്ളൂവെന്ന് അന്ന് പല  അദ്ധ്യാപകരും  മനസിലാക്കി ഒപ്പം കുട്ടികളും ! അവള്‍ തന്ന  ആ കണ്ണടയിലൂടെ  കുറെ വര്‍ഷങ്ങള്‍  ഞാന്‍ ഈ ലോകത്തെ വീക്ഷിച്ചു ..പിന്നെ വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍  ഞാന്‍ ആ കണ്ണട  അലമാരയില്‍  സൂക്ഷിച്ചു  പിന്നീട്‌ ഇതുവരെ എന്റെ കണ്ണുകളില്‍ മറ്റൊരു കണ്ണടക്കു  സ്ഥാനമുണ്ടായിട്ടില്ല !

നീതുവിന്റെ വേര്‍പാടില്‍ , വഷപിശകുകെട്ട എന്റെ ബാല്യം ...കൌമാരത്തിന്റെ  ചിറകണിഞ്ഞപ്പോഴും എന്റെ സൊകാര്യ സ്മ്രിതിയില്‍  അവള്‍  എപ്പൊഴും വന്നുപോയിരുന്നു ....


    അച്ഛന്റെ തറവാട്ടില്‍ അവധിക്കാലത്തെത്തുമ്പോള്‍, "പിള്ളാരെ.." എന്ന ഒറ്റവിളി കൊണ്ട് എല്ലാവരെയും ഒരുമിച്ചു ഊണുമേശയില്‍ എത്തിച്ചിരുന്ന അച്ഛമ്മ  എപ്പൊഴും  അവളെ കുറിച്ച് പറയും ..അവള്‍  അച്ഛമ്മക്ക്‌ പാടികൊടുക്കന്ന  പാട്ടിനെ പറ്റി പറഞ്ഞു  കരയും ....!

എന്റെ നല്ല  വ്യക്തിത്വത്തിന് മാറ്റുകൂട്ടിയത് അവള്‍ തന്ന കറുത്ത ഫ്രെയിമുള്ള ടിപ്പിക്കല്‍ ടീച്ചര്‍ കണ്ണട തന്നെ.
 എന്നും മനസിലേക്ക് സ്മൃതി മധുരമായ ഓര്‍മ്മകള്‍  സമ്മാനിച്ച്‌  ഈ ലോകത്തോട്‌  വിടപറഞ്ഞ  എന്റെ  പ്രിയ ജീവന്റെ  കണ്ണടയിലൂടെ  ഇനിയും ഞാന്‍ ഈ ലോകത്തെ കാണുമോ? കടന്നുപോയ കാലത്തിന്റെ ചിത്രങ്ങള്‍  ഇനിയും  നീതുവിന്റെ  കണ്ണടയിലൂടെ എനിക്ക്  കിട്ടും!

ഓര്‍മ്മവഴികളില്‍.. ,അടക്കിയ ചിരിയെ, നിറമിഴികളെ, പറയാന്‍ മടിച്ച  പ്രണയത്തെ, പരിഭവത്തെ, പരിഹാസത്തെ, ഹൃദയത്തിന്റെ വിങ്ങലിനെ ഒക്കെ മറച്ചുവെച്ച്  നിസ്സംഗത ചമഞ്ഞവ.. തല്‍ക്കാലത്തേക്ക് നോട്ടം  അവസാനിപ്പിച്ച്, വര്‍ത്തമാനകണ്ണട അണിയട്ടെ...

Thursday 20 October 2011

കാക്കനാടന്റെ സ്നേഹം !

നിന്റെ എഴുത്തും ഇടതൂര്‍ന്ന
സ്നേഹവും അനുഭവിച്ചറിഞ്ഞ രാപ്പകലുകളും ..
ഇന്നതെനിക്ക് അടുത്ത് നീ ദൂരെ
ഏതോ നോക്കത്താ മായാലോകം
നിന്നെ മാടിവിളിച്ചുവോ?
നിന്നെ വിളിക്കാന്‍ ;
ഇനിയെനിക്കാവില്ല , നിന്റെ
വരികള്‍ മറക്കാനും .....!
ഇത്തിരി വര്‍ഷംകൊണ്ടെഴുതിയ
ഒത്തിരി പച്ചിലപടര്‍പ്പുകള്‍
നീയെനിക്കരികില്‍ ,
വിളമ്പിയില്ലേ....!
ആ തണല്‍ ചെടികളില്‍
ഞാന്‍ ഉറങ്ങാം...:
നിന്റെ പഴയ ചിരികളെ വിസ്മരിക്കാം !
ഇനിയെത്ര ചിരാതുകള്‍
ബാക്കിനിര്‍ത്തി നീ
അക്ഷരദീപം തെളിക്കാതെ
ഇനിയെന്റെ സ്മ്രിതികളില്‍
കോറിയിടും നിന്‍ ചെറു കഥകളെ
നീര്‍മിഴിപ്പീലിയില്‍ കരുതിവെക്കാം;
വിഷമില്ലാത്ത നിന്റെ സ്നേഹം
ചിരിതരുന്നൊരു ,ചിന്തിപ്പിക്കുന്നൊരു
നിന്‍ അക്ഷര പൂജകള്‍
ഇനിയുമെനിക്ക് നീ തരാതെ
പോയിനീയെങ്കിലും
നീ മറയുന്നില്ല ; ഈ ലോകം നിന്നെ മറക്കുന്നില്ല !
നിന്റെ തെളിഞ്ഞ സ്നേഹം നിറഞ്ഞു ,
കത്തും നിന്റെ അക്ഷരവിളക്കുകള്‍
ഈ കപട ലോകത്തിനെന്നു വെളിച്ചം !

Saturday 1 October 2011

പറയാന്‍ മടിച്ച പ്രണയം

നീലാകാശത്തിനുകീഴെ പൂമരം
കുടനിവര്‍ത്തുമ്പോള്‍,
നീയെന്‍ മടിയില്‍
കിടന്നെന്‍വിരല്‍ത്തുമ്പില്‍
സ്പര്‍ശിചനേരം
വയലില്‍ നിന്നൊഴുകിവന്ന
ഇളംതെന്നലിനൊപ്പം ഹൃദയവും
 ഒഴുകി  നിന്നില്‍  വീണലിഞ്ഞുവോ?

എപ്പഴും പുഞ്ചിരിക്കാന്‍ 
മടിക്കുന്ന എന്‍  മുഖം
നിന്നെ കാണുമ്പോള്‍ 
മാത്രമെന്തേ  ചിരിക്കുന്നു ?
ആത്മാവിന്‍ ചിറകില്‍ ആരുടെയോ
 തൊട്ടുരുമ്മലും
മന്ത്രധ്വനികളും  പൊഴിയുമ്പോള്‍ 
ഞാന്‍ ഏതോ  മായാലോകത്ത്
നിന്നെ തിരയുന്നുവോ?

 വിളിക്കാതെ  വിളിക്കേട്ടെന്‍
 മനം  നിന്നിലെ  നിന്നില്‍
പതിയെ പറന്നു വരുമ്പോള്‍ ,
ഒരു പുള്ളികുയിലിന്‍
പാട്ടിന്റെ  മാധുര്യം  നീയറിയുന്നുവോ?      

കുടിനീരില്ലാതെ  ഇളംവെയിലില്‍  
വാടിയ  എന്നകപൂക്കള്‍
നീയാം  മഞ്ഞുത്തുള്ളിയില്‍
അഭയമിരിക്കുമ്പോള്‍
നീയറിയുന്നുവോ  എന്റെ  വേദന ?